Thursday, 2 January 2014




സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂള്‍
തിരുവാണിയൂര്‍ പിന്‍-682 308
ഫോണ്‍- 0484 2730295
സ്ഥാപിതം 1942

മൂവാറ്റുപുഴ രൂപതാ കോര്‍പ്പറേറ്റു് മാനേജ്മെന്റിന്റെ കീഴിലുള്ള തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ്ഹൈസ്ക്കൂളിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള ചരിത്രസംഭവങ്ങളുടെ ഒരു നേര്‍രേഖ

എറണാകുളം ‍ജില്ലയില്‍പെട്ട തിരുവാണിയൂര്‍ ഗ്രാമത്തില്‍ നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഊര്‍ജ്ജവും പ്രകാശവും നല്കി വിജ്ഞാനത്തിന്റെ അക്ഷയഖനിയായി സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂള്‍ സാഭിമാനം നില നില്ക്കുന്നു.ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരും അദ്ധ്വാനശീലരുമാണു്. ഗ്രാമത്തിന്റെ ആത്മാവും ചൈതന്യവും തുടിപ്പുമായ ഈ സ്ക്കൂളിന്റെ മുന്നോട്ടുള്ള വളര്‍ച്ചയുടെ പിറകില്‍ സര്‍ഗ്ഗധനരായ ഒരു കൂട്ടം വ്യക്തികളുടെ ആത്മസമര്‍പ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും സ്വപ്നതുല്യമായകഥകളാണു് പറയാനുള്ളതു്. വാഹനസൗകര്യങ്ങളോ പഠനസൗകര്യങ്ങളോ ഇല്ലാതിരുന്ന ഈ പ്രദേശത്തുനിന്നു് അഞ്ചു കി.മീറ്ററോളം ദൂരെയുള്ള വെണ്ണിക്കുളം ,കോലഞ്ചേരി, പൂത്തൃക്ക, പുത്തന്‍കുരിശ്, മണീടു് എന്നീ സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് വിദ്യ അഭ്യസിക്കുന്നതിനു് പിഞ്ചുകുട്ടികള്‍ ആശ്രയിച്ചിരുന്നതു്. ഇതിനൊരു ശാശ്വതപരിഹാരം കാണാന്‍ അവിശ്രമം പരിശ്രമിച്ച മാന്യ വ്യക്തികളില്‍ ഒരാളായിരുന്നു പാപ്പാലില്‍ തുകലന്‍ പൈലി പൈലി മകന്‍ തുകലന്‍ ടി.പി. വര്‍ഗീസ്. അദ്ദേഹത്തിന്റെയും മറ്റു പൗരപ്രമാണികളുടെയും ശ്രമഫലമായി കൊല്ലവര്‍ഷം 5-10-1117 (18-5-1942 )-ല്‍ മൂവാറ്റുപുഴ ഡിവിഷനല്‍ ഇന്‍സ്പെക്ടരുടെ സ്പെഷ്യല്‍ സാങ്ഷനോടുകൂടി തിരുവാണിയൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഒരു ഇംഗ്ളീഷ് മിഡില്‍സ്ക്കൂള്‍ ആരംഭിച്ചു.പാപ്പാലില്‍ തുകലന്‍ ടി.പി. വര്‍ഗീസായിരുന്നു അന്നത്തെ സ്കൂള്‍ മാനേ‍ജര്‍. എട്ടു വിദ്യാര്‍ത്ഥികളാണു് ആദ്യവര്‍ഷം പ്രവേശനത്തിനു് വന്നതു്. സ്കൂളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ ഇ.‍ജെ.കുര്യനെ നിയമിച്ചു.

1945-ല്‍ (2-10-1120) സ്ക്കൂള്‍ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടു് തിരുവല്ല രൂപതാദ്ധ്യക്ഷന്‍ മോസ്റ്റു് റവ. ജോസഫ് മാര്‍ സേവറിയോസ് പിതാവ് തിരുവാണിയൂര്‍ സ്കൂള്‍ തുകലന്‍ ശ്രീ ടി.പി.വര്‍ഗീസില്‍ നിന്നു് ഏറ്റുവാങ്ങി.വിദ്യാഭ്യാസരംഗത്തു് സഭയുടേതായ സംഭാവനകള്‍ നല്‍കുന്നതിനും അതു വഴി സഭയേയും സഭാമക്കളേയും സമുഹത്തേയും രാഷ്ട്രത്തെയും ഉദ്ധരിക്കാമെന്നുള്ള പിതാവിന്റെ ദീര്‍ഘവീക്ഷണവുംഉള്‍ക്കാഴ്ചയും സ്ക്കൂള്‍ കൈമാറ്റനടപടിക്കു് പ്രേരിതമായി. വിദ്യാഭ്യാസസ്ഥാപനങ്ങളോടു് പിതാവിനുള്ള അതിരറ്റ താല്‍പര്യവും സമൂഹത്തോടുള്ള പ്രതിബദ്ധതയും തിരുവല്ല കോര്‍പ്പറേറ്റു് മാനേ‍ജ്മെന്റിലേക്കു് കൂടുതല്‍ സ്കൂളുകള്‍ വാങ്ങുന്നതിനും കാരണമായിരുന്നു.

സ്കൂള്‍ കൈമാറ്റത്തിനു് ശേഷം റവ.ഫാ.‍ജോണ്‍ കച്ചിറമറ്റം ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.തുടര്‍ന്നു് ഫാ.ജേക്കബ്ബ് പറമ്പാത്തു്, തളിയച്ചിറ ശ്രീ ടി.ജെ.പീറ്റര്‍, ശ്രീ കെ.വി.പൗലോസ് എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്താന്‍ ശ്രീ.കെ.വി. പൗലോസ് സാര്‍ നടത്തിയ ശ്രമങ്ങള്‍ സ്മരാണാര്‍ഹമാണു്.

1-6-1982-ല്‍തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. മേമുഖം തൊഴുത്തിങ്കല്‍ ശ്രീ കെ.‍ജെ. മത്തായി സാര്‍ ഹൈസ്കുളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി 1-6-1982-ല്‍ ചാര്‍ജെടുത്തു.1985 മാര്‍ച്ചില്‍ 29 കുട്ടികള്‍ എസ്.എസ്.എല്‍.സി.ആദ്യബാച്ചായി പരീക്ഷയെഴുതി നൂറ് ശതമാനം വിജയം കരസ്ഥമാക്കി തിരുവാണി യൂര്‍ സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസഭൂപടത്തില്‍ ഇടം നേടി.1986 ല്‍ ശ്രീ കെ.ജെ. മത്തായി സര്‍വീസില്‍നിന്നു് വിരമിച്ചു. തുടര്‍ന്നു് ശ്രീമതി ലീലാമ്മ വര്‍‍ഗീസ് , ശ്രീ പി.എം. എബ്രാഹാം, ശ്രീ പി.എം ഫിലിപ്പോസ്, ശ്രീ സി.പി. എഡ്വേര്‍ഡ്, ശ്രീ ജനാര്‍ദ്ദനന്‍ ആചാരി,ശ്രീ റ്റി.വൈ. ജോസഫ്, ശ്രീ റ്റി.യു. ‍ജോര്‍ജ്, റവ. സി.ഡല്‍ഫീന ,ശ്രീ വി.വി.മാമന്‍, ശ്രീ കെ,സി.കുര്യന്‍, ശ്രീ എബ്രഹാം ‍ജോസഫ്, ശ്രീമതി സി..എലിയാമ്മ, ശ്രീ പിപി. ചാക്കോ എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സ്ക്കുളിനെ പുരോഗതിയിലേക്കു് നയിച്ചു.

2005 ല്‍ ശ്രീമതി സിഎം. മോളി ടീച്ചര്‍ പ്രധാനാദ്ധ്യാപികയായി നിയമിക്കപ്പെടുകയും വീണ്ടും നവോന്മേഷം വീണ്ടെടുത്തു് എസ്.എസ്.എല്‍.സി.ക്കു് നൂറ് ശതമാനം വിജയം വാങ്ങി ചരിത്രം ആവര്‍ത്തിക്കുകയും ചെയ്തു. 1994-95 അദ്ധ്യയനവര്‍ഷം ആരംഭം കുറിച്ച ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2006-2007 മുതല്‍ കൂടുതല്‍ കാര്യക്ഷമമാക്കി. സ്ക്കൂളിന്റെ ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍,എഡ്യൂസാറ്റു് സംവിധാനം തുടങ്ങിയവ നടപ്പിലാക്കുവാന്‍ മോളിടീച്ചറിനു് സാധിച്ചു.

ശ്രീമതി എന്‍.കെ.കുഞ്ഞമ്മ,ശ്രീമതി ‍ജെമ്മ ഫിലോമിന എന്നിവര്‍ പ്രധാദ്ധ്യാപകരായ തുടര്‍ന്നുള്ള കാലഘട്ടത്തിലും എസ്.എസ്.എല്‍.സി.കുട്ടികള്‍ നൂറ് ശതമാനം വിജയം നിലനിര്‍ത്തിപ്പോന്നു. സ്ക്കൂള്‍ ഡിജിറ്റല്‍ ലൈബ്രറി,സ്മാര്‍ട്ടു് ക്ലാസ്സു്റും എന്നിവ കുട്ടികളുടെ പഠനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

2003 ജനുവരിയില്‍ രൂപീകരിക്കപ്പെട്ട മൂവാറ്റുപുഴ രൂപതയുടെ കീഴിലാണു് ഇപ്പോള്‍ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നതു്.മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ മോസ്റ്റു് റവ. ഡോ.എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത സ്കൂള്‍ രക്ഷാധികാരിയാണു്.മോണ്‍സിഞ്ഞോര്‍ ഐസക്കു് കോച്ചേരിലാണു് സ്ക്കൂള്‍ കോര്‍പ്പറേറ്റു് മാനേജര്‍. ഇപ്പോള്‍ ശ്രീ കെ.പി.ശ്രീകുമാര്‍ ഹെഡ് മാസ്റ്ററും ശ്രീമതി സാലി മത്തായി സീനിയര്‍ അസിസ്റ്റന്റും ശ്രീ ഏലീയാസ് പോള്‍..സ്റ്റാഫ് സെക്രട്ടറിയുമാണു്.ശ്രീ സി.ആര്‍. പ്രകാശാണു് പി.റ്റി.. പ്രസിഡന്റു്.അ‍ഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സകളിലായി 240 കുട്ടികള്‍ അദ്ധ്യയനം നടത്തുന്നു.