ആമുഖം
എറണാകുളം ജില്ലയില്‍പ്പെട്ട തിരുവാണിയൂര്‍ ഗ്രാമത്തില്‍ നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും ഊര്‍ജവും പ്രകാശവും നല്കി വിജ്ഞാനത്തിന്റെ അക്ഷയഖനിയായ സെന്റ് ഫിലോമിനാസ് ഹൈസ്കൂള്‍ സാഭിമാനം നിലനില്ക്കുന്നു. വാഹന സൗകര്യങ്ങളോ പഠന സൗകര്യങ്ങളോ ഇല്ലാതിരുന്ന ഈ പ്രദേശത്തു നിന്ന് അഞ്ച് കി. മീറ്ററോളം ദൂരെയുള്ള വിദ്യാലയങ്ങളെയാണ് വിദ്യ അഭ്യസിക്കുന്നതിനായി പിഞ്ചുകുട്ടികള്‍ ആശ്രയിച്ചിരുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ അവിശ്രമം പരിശ്രമിച്ച മാന്യ വ്യക്തികളില്‍ ഒരാളായിരുന്നു പാപ്പാലില്‍ തുകലന്‍ പൈലി പൈലി മകന്‍ തുകലന്‍ ടി. പി. വര്‍ഗീസ്. അദ്ദേഹതിന്റെയും മറ്റു പൌരപ്രമാണികളുടെയും ശ്രമഫലമായി കൊല്ലവര്‍ഷം 5.10.1117 (18.5.1942) ല്‍ മുവാറ്റുപുഴ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ സ്പെഷ്യല്‍ സാങ്ഷനോടു കൂടി തിരുവാണിയൂര്‍ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. പാപ്പാലില്‍ തുകലന്‍ ടി. പി. വര്‍ഗീസായിരുന്നു അന്നത്തെ സ്കൂള്‍ മാനേജര്‍. എട്ടു വിദ്യാര്‍തികളായിരുന്നു ആദ്യ വര്‍ഷം പ്രവേശനത്തിനു വന്നത്. സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകനായി ശ്രീ. ഇ. ജെ. കുര്യനെ നിയമിച്ചു.
ചരിത്രത്തിന്റെ കൈപുസ്തകത്തില്‍ പുതിയൊരു അദ്ധ്യായം കൂടി എഴുതി ചേര്‍ത്തു കൊണ്ട് കൊല്ലവര്‍ഷം 2.10.1120 (1945) ല്‍ തിരുവല്ലാ രൂപതയ്ക്കുവേണ്ടി രൂപതാദ്ധ്യക്ഷന്‍ മോസ്റ്റ് റവ. ജോസഫ് മാര്‍ സേവേറിയോസ് സ്കൂള്‍ കൈമാറി.
സ്കൂള്‍ കൈമാറ്റത്തിനു ശേഷം റവ. ഫാ. ജോണ്‍ കച്ചിറമറ്റം ഹെഡ്മാസ്റ്ററായി 1945 ല്‍ നിയമിക്കപ്പെട്ടു. 1951 വരെ ആയിരുന്നു അദ്ദേഹത്തിന്റെ സേവനകാലം. 1951 ല്‍ പ്രധാന അധ്യാപകനായി ചാര്‍ജെടുത്ത ഫാ. പി. ജെ. ജേക്കബ് പറമ്പാത്ത് ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 25.3.1975 ല്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്ത തളിയച്ചിറ ശ്രീ. ടി. ജെ. പീറ്റര്‍ 31.3.1979 ല്‍ സര്‍വീസില്‍ നിന്നും വിരമിക്കുകയുണ്ടായി . 1.4.1979 ല്‍ കൂട്ടപ്ലാക്കില്‍ ശ്രീ. കെ. വി. പൗലോസ് പ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും 1982മേയില്‍ വിരമിക്കുകയും ചെയ്തു. ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്താന്‍ ശ്രീ. കെ. വി. പൗലോസ് സാര്‍ നടത്തിയ ശ്രമങ്ങള്‍ സമരണാര്‍ഹമാണ്.
ഗ്രാമത്തിന്റെ മുഖചായ മാറ്റിക്കൊണ്ട് അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമെന്നോണം അപ്പര്‍ പ്രൈമറിയായി പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡു ചെയ്തു കൊണ്ട് 1.6.1982 ല്‍ ഉത്തരവായി.
St. Philomina’s High School
Thiruvaniyoor P. O., Puthencruz (via), Ernakulam Dt. 682 308
Phone : 0484 2730295
Email id : stphsthiruvaniyoor@gmail.com